വിചാരണ തുടങ്ങി; കഠുവ കേസിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികള്‍

കഠുവ : കഠുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി. കേസില്‍ എട്ട് പ്രതികളാണുള്ളത്. തങ്ങള്‍ കുറ്റക്കാരല്ലെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു.

കേസ് ഏപ്രില്‍ 28 ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.

അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ നടത്തിപ്പിനായി രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും പെണ്‍കുട്ടിയുടെ പിതാവ് മുന്നോട്ടുവച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്തും രംഗത്തെത്തിയിട്ടുണ്ട്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍. എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളില്‍ നിന്ന് പണം വാങ്ങി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി ക്രൂരമായ പീഢനത്തിനൊടുവില്‍ കൊല്ലപ്പെടുന്നത്

Loading...