പത്രണ്ടാം സ്വർണവും വെടിവച്ചുവീഴ്ത്തി; ഇന്ത്യ മൂന്നാം സ്ഥാനം തുടരുന്നു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്ക് 12-ാം സ്വര്‍ണം സമ്മാനിച്ചത്. വെള്ളി നേടി ഓസ്‌ട്രേലിയന്‍ താരം എമ്മ കോക്‌സും ശ്രേയസിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

ഒടുവില്‍ 96 പോയിന്റുമായി സമനില പാലിച്ചതോടെ ടൈബ്രേക്കര്‍ വേണ്ടി വന്നു. പക്ഷേ നിര്‍ണായക നിമിഷം ഇന്ത്യന്‍ താരം ഫോമിലേക്കുയര്‍ന്നു. 87 പോയിന്റ് നേടിയ സ്‌കോട്‌ലന്‍ഡിന്റെ ലിന്‍ഡ് പിയേഴ്‌സണാണ് വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്‍മന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി വെള്ളി മെഡല്‍ നേടിയിരുന്നു.

പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെങ്കല മെഡലോടെയാണ് ഇന്ത്യ ഏഴാം ദിനത്തിന് തുടക്കം കുറിച്ചത്. അതേസമയം ബോക്‌സിങ്ങില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നേറുന്നത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ഫൈനലിലെത്തിയിട്ടുണ്ട്. പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി, 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ എന്നിവര്‍ സെമിഫൈനലിലും ഇടം നേടി. ഇതോടെ ഇന്ത്യ മൂന്നു മെഡലുകള്‍ കൂടി ഉറപ്പിച്ചു. അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സരിതാ ദേവി ക്വാര്‍ട്ടറില്‍ തോറ്റു. നിലവില്‍ 12 സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ .