യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്‍വാങ്ങി അമേരിക്ക

വാഷിംഗ്‌ടണ്‍ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും അമേരിക്ക പിന്മാറി. ഇത്തരത്തില്‍ പന്മാറിയ ആദ്യ രാഷ്ട്രമാണ് അമേരിക്ക. ഇസ്രയേലിന് എതിരായി പക്ഷപാതപരമായ നിലപാടാണ് കൗണ്‍സില്‍ എടുക്കുന്നത് എന്ന് ആരോപിച്ചായിരുന്നു അമേരിക്ക ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലേ കൗണ്‍സിലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. തീരുമാനം നിരാശജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.
2006 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ഡബ്ല്യ. ബുഷ് തുടങ്ങിവച്ച മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നാണ് ഇപ്പോള്‍ ട്രംപിന്റെ കീഴിലുള്ള അമേരിക്കയുടെ പിന്മാറ്റം.

ഇസ്രായേലിനോട് കൗണ്‍സിലെടുക്കുന്ന സമീപനമാണ് അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശ ലംഘനങ്ങളെ പരിഹസിക്കുന്ന സംഘടനയില്‍ തുടരാന്‍ താത്പര്യമില്ലെന്നായിരുന്നു നിക്കി ഹാലെ വ്യക്തമാക്കിയത്. കൗണ്‍സിലില്‍ മാറ്റം വരുത്താന്‍ പലതവണ അവസരം നല്‍കിയിട്ടും അതുണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് പിന്മാറ്റമെന്നും അമേരിക്ക അറിയിച്ചു.