അബുദാബിയിൽ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

അബുദാബി: വിമാനത്തിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ മൃദദേഹം ഉപേക്ഷിച്ച മാതാവിനെ ഇന്തോനീഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബുദാബിയിൽ നിന്നും ജക്കാർത്തയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരിയും ഇന്തോനീഷ്യൻ പൗരയുമായ ഹാനി വെസ്റ്റ് (37) എന്ന സ്ത്രീയാണ് പിടിയിലായത്. വിമാനം ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വർഷമായി അബുദാബിയില്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു സ്ത്രീ. ശനിയാഴ്ച ജക്കാര്‍ത്തയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഹാനി രഹസ്യമായി പ്രസവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. വിമാനം നാലു മണിക്കൂര്‍ പറന്ന ശേഷം ഇവര്‍ക്ക് രക്തസ്രാവമുണ്ടായി. ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയും വിമാനം അടിയന്തരമായി ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്‌സിജന്‍ മാസ്‌ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തുവെന്ന് വിമാന ജോലിക്കാരി പറഞ്ഞു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിക്കുകയും ഇവിടെ ഇറക്കുകയുമായിരുന്നു.

ഹാനി ഇല്ലാതെയാണ് വിമാനം ഒരു മണിക്കൂറിനു ശേഷം ജക്കാര്‍ത്ത വിട്ടത്. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ശുചിമുറിയിലെ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് യുവതി ഉപേക്ഷിച്ച കുഞ്ഞാണെന്നാണ് നിഗമനം.